August 2016


തൃശ്ശിവപേരൂര്‍ ഹരന്‍റെ നടയില്‍

ജവഹര്‍ ഭവനത്തില്‍

മറ്റൊരു സൂര്യനുദിച്ചത് നമ്മുടെ

ദിനേശനാണല്ലോ

മാലകള്‍ ചേലകള്‍ ചൂടി നെറുകയില്‍

സിന്ദൂരം ചാര്‍ത്തി

നീലനഭസ്സില്‍ നിറഞ്ഞ താരം

അശ്വതിയാണല്ലോ

ഗുരുവായൂരിലൊരുണ്ണിക്കണ്ണന്‍

കോലക്കുഴലൂതി

സുരലോകത്തിലെ ദേവഗണങ്ങള്‍

പുഷ്പങ്ങള്‍ തൂകി

മാംഗല്യത്തിന്‍ സുമുഹൂര്‍തത്തില്‍

ക്ഷിതി തന്‍ മടിത്തട്ടില്‍

ജീവചരാചര സര്‍വവുമേറ്റം

ആനന്ദം പുല്‍കി

Advertisements

ഈശ്വരവിലാസം – അതായിരുന്നു ഞാനും രാമനും ആ പെണ്‍കുട്ടിക്ക് ഇട്ട പേര്. ഞങ്ങള്‍ പ്രീ ഡിഗ്രിക്ക് ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന കാലം. സ്ഥിരം എട്ടേമുക്കാലിനുള്ള ഈശ്വരവിലാസം ബസ്സിലായിരുന്നു പോയിരുന്നത്. അതെ ബസ്സില്‍ അവളും വരുമായിരുന്നു. അവള്‍ കോട്ടന്‍ ഹില്‍ സ്കൂളില്‍ ആണ് പഠിക്കുന്നത്. ഒരു ഒമ്പതാം ക്ലാസ് ആയിരിക്കും. നല്ല ശാലീന സുന്ദരി. വെള്ള ഷര്‍ട്ട്‌. പച്ച skirt. പിന്നെ തലയില്‍ ചുവന്ന റിബ്ബണും. മുഖത്ത് ഒരു കൊച്ചു പുഞ്ചിരി. ആകെ മൊത്തം ഞങ്ങള്‍ അവളെകണ്ട് മയങ്ങി പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
എന്നും ബസ്‌ സ്റ്റോപ്പില്‍ കാണുമ്പോള്‍ ഞാനും രാമനും തീരുമാനിക്കും – ഇന്ന് അവളുടെ പേര് ചോദിക്കണം. ബസ്‌ വരും. ഞങ്ങള്‍ കയറും. അവളെ ഒളിഞ്ഞും തെളിഞ്ഞും നോക്കും. പക്ഷെ ഒരിക്കലും അവളോട്‌ മിണ്ടിയില്ല. ബസ്‌ നീങ്ങി നീങ്ങി കോളേജില്‍ എത്തും. ഞങ്ങള്‍ ഇറങ്ങുകയും ചെയ്യും.
ഒരു സത്യം ഞാന്‍ ഇവിടെ പറഞ്ഞു കൊള്ളട്ടെ. അവള്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു പോലെ പ്രചോദനമായിരുന്നു. പക്ഷെ ഞങ്ങള്‍ തമ്മില്‍ മത്സരമൊന്നും ഉണ്ടായിരുന്നില്ല.
മറ്റൊരു സത്യം. ഞാന്‍ ചെറിയ തോതില്‍ ഒരു പഠിപിസ്റ്റ് ആയിരുന്നു. അത്യാവശ്യം മാര്‍ക്ക്‌ ഒക്കെ മേടിച്ചിട്ടുണ്ട്. ജീവിതത്തില്‍ പഠിത്തം മാത്രം മതിയോ?
ഒരു ദിവസം വൈകുന്നേരം. ഞാന്‍ രാമന്‍റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്‍പ നേരത്തെ വര്‍ത്തമാനത്തിനു ശേഷം ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാനിറങ്ങി. പുറത്തിറങ്ങി വളവു തിരിഞ്ഞപ്പോള്‍ അതാ മുന്നില്‍ ആ പെണ്‍കുട്ടി നടന്നു പോകുന്നു.
” ഡേയ് രാമാ അത് ഈശ്വരവിലാസം അല്ലെ?”
“തള്ളേ.”
“അവള് ട്യൂഷന്‍ കഴിഞ്ഞു വരുന്നതായിരിക്കും. കൈയില്‍ ഒരു ബാഗ്‌ ഒണ്ട്.”
“നമുക്ക് അവളുടെ പിറകെ പോയാലോ? അവളുടെ വീട് കണ്ടുപിടിക്കാം.”
ഞങ്ങള്‍ അവളുടെ പുറകെ ശ്വാസം പിടിച്ചു നടന്നു. ജീവിതത്തില്‍ ആദ്യമായി എന്തോ വലിയ കാര്യം ചെയ്യുന്ന തോന്നല്‍. അവള്‍ നടന്നു നീങ്ങി. പിറകെ ഞങ്ങളും. നടന്നു നടന്നു അവള്‍ അവളുടെ വീടിന്‍റെ അരികിലെത്തി. ഇത്തിരി ദൂരം മാറി പിറകില്‍ ഞങ്ങളും. ഇനി എന്ത് ചെയ്യും?
“നമുക്ക് മുന്നോട്ടു പോകാം.”

ഞങ്ങള്‍ നടന്നു അവളുടെ വീടിന്‍റെ വാതിലിനു മുന്നിലെത്തി. പെട്ടെന്ന് അതാ സൈഡില്‍ നിന്ന് ഒരാള്‍ ഞങ്ങളുടെ നേര്‍ക്ക് നടന്നു വരുന്നു. അവളുടെ അച്ഛന്‍ ആണെന്ന് തോന്നുന്നു. ഇതെന്തു ശല്യം. എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു അച്ഛനുണ്ട്‌. അതങ്ങനെയാണ്. അയാള്‍ ഞങ്ങളുടെ അടുത്തെത്തി. പിന്നെ തറപ്പിച്ചൊരു നോട്ടം. ഞാന്‍ ഒന്ന് പരുങ്ങി. ഞങ്ങള്‍ അവളുടെ പിറകെ വരുന്നത് അയാള്‍ കണ്ടുവോ? തിരിഞ്ഞു ഓടിയാലോ? ചിലപ്പോള്‍ അയാള്‍ ബഹളം വച്ചാലോ? ഈ പെണ്ണിനെ രക്ഷിക്കാനുള്ള അധികാരം ഇയാള്‍ക്ക് ആര് കൊടുത്തു? അല്ലെങ്കിലും ഞങ്ങള്‍ അവളുടെ പേര് ഒന്നറിയാന്‍ വന്നതല്ലേ? ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. രണ്ടും കല്പിച്ചു ഞാന്‍ ഇങ്ങനെ പറഞ്ഞു:
“അങ്കിള്‍ എനിക്ക് SSLC – ക്ക് 567 മാര്‍ക്കുണ്ട് .” അല്പം ധൈര്യം സംഭരിച്ചു ചിരിക്കാന്‍ നോക്കി. അയാളുടെ നോട്ടം തറപ്പിച്ചു തന്നെ. ഒരു പത്തു സെക്കന്റ്‌ ഒന്നും സംഭവിച്ചില്ല. പിന്നെ ഒന്നിനും കാത്തു നിന്നില്ല . ഞങ്ങള്‍ പയ്യെ തിരിഞ്ഞു നടന്നു.
നടക്കുമ്പോള്‍ – “രാമാ അയാള്‍ എന്ത് വിചാരിച്ചു കാണും?”
“നീയെന്തു എന്‍റെ മാര്‍ക്ക് പറയാത്തത്?”
“നിനക്ക് 524 അല്ലെ ഒള്ളു?”
ഇപ്പോള്‍ എന്നെ തറപ്പിച്ചു നോക്കിയത് രാമനാണ്.

സോപ്പുകുമിള ജീവിതം

———————

അന്നു വൈകുന്നേരം ഞാന്‍ പതിവിലും നേരത്തെ ശംഖുമുഖം ബീച്ചിലേക്ക് പോയി. ഏകദേശം അഞ്ചു മണിയോടെ ബീച്ചിലെത്തി. അവിടെ പതിവു കാഴ്ച്ചകള്‍ എന്നെ കാത്തിരിപ്പുണ്ടായിരുന്നു –  പട്ടം വില്പ്പനകാരന്‍, ഐസ്ക്രീം കച്ചവടക്കാര്‍, സഞ്ചരിക്കുന്ന ഗായകന്‍, പിന്നെ സോപ്പുകുമിളക്കാരന്‍. അല്പം വെയില്‍ ഉണ്ടായിരുന്നു. എന്നിട്ടും എനിക്കും മുമ്പേ കുറെ പേര്‍ അവിടെ എത്തിയിരിക്കുന്നു.

എന്‍റെ ശ്രദ്ധ സോപ്പുകുമിളക്കാരനിലേക്കായി. അയാള്‍ക്ക്‌ ഏതാണ്ട് പതിനെട്ടു വയസ്സ് പ്രായം തോന്നും. അയാളുടെ കൈയില്‍ ഒരു കുഴലുണ്ട്. അതിന്റെ അറ്റത്തില്‍ വളഞ്ഞ ഒരു വയറും. കുഴലിനുള്ളില്‍ സോപ്പുവെള്ളമാണ്. ആ വയര്‍ കുഴലില്‍ മുക്കി എടുത്തു കാറ്റത്ത്‌ വീശുമ്പോള്‍ കുമിളകള്‍ അങ്ങനെ വരവായി. കുമിളകള്‍ കാണാന്‍ നല്ല ഭംഗിയാണ്. അയാളുടെ അടുത്ത് കുട്ടികള്‍ എത്തുമ്പോള്‍ അയാള്‍ അവരുടെ നേര്‍ക്ക്‌ കുമിളകള്‍ പറത്തി വിടും. അത് കണ്ടു കുട്ടികള്‍ സോപ്പുകുമിളക്കുഴല്‍ വാങ്ങാന്‍ നിര്‍ബന്ധം പിടിക്കും. അതാണ്‌ അയാളുടെ ബിസിനസ്‌ ട്രിക്ക്.

മൊത്തം അയാളുടെ കൈയില്‍ നാല്പതു കുഴലുകള്‍ കാണും. കൂടെ പത്തു ഗിറ്റാറും. ഇരുട്ടായാല്‍ പിന്നെ കുമിളകള്‍ക്ക് ഡിമാണ്ട് ഇല്ല. അപ്പോഴും വല്ലതും വില്‍ക്കെണ്ടേ?

ഒരു അഞ്ചേമുക്കാല്‍ ആയപ്പോള്‍ അവിടേക്ക് ഒരു കൂട്ടം പെണ്‍ കുട്ടികള്‍ എത്തി. ഏതാണ്ട് ബി ടെക് പ്രായം. അവര്‍ അഞ്ചു പേരുണ്ടായിരുന്നു. ഇത് പതിവിലും അല്പം വേറിട്ട ഒരു കാഴ്ചയായിരുന്നു. സാധാരണ ഫാമിലി ആയിട്ടാണ് ആള്‍ക്കാര്‍ വരിക. അല്ലെങ്കില്‍‍ പയ്യന്മാര്‍ ആയിരിക്കും വരിക. പെണ്‍കുട്ടികള്‍ ഇങ്ങനെ കൂട്ടത്തോടെ വരുന്നത് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. എന്‍റെ ശ്രദ്ധ അവരിലേക്കായി. അവരില്‍ രണ്ടും പേര്‍ പാന്റും ടോപ്പുമാണ് ഇട്ടിരിക്കുന്നത്. ബാക്കിയുള്ളവര്‍ ചുരിദാറും. ഒരാള്‍ പാന്‍റ്സ് അല്പം കേറ്റിയിട്ടിട്ടുണ്ട്. അവളുടെ ഭംഗിയുള്ള പാദസരം നന്നായി കാണുന്നു.

പെട്ടെന്ന് അവരുടെ നേര്‍ക്ക്‌ കുറെ കുമിളകള്‍ കാറ്റില്‍ വന്നെത്തി. പതിവിലുമധികം കുമിളകള്‍. ഞാന്‍ സോപ്പുകുമിളക്കാരനെ നോക്കി. അയാള്‍ ഒരു ചെറു പുഞ്ചിരിയോടെ ആ പെണ്‍കുട്ടികളെ നോക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ആകട്ടെ കുമിളകള്‍ പൊട്ടിക്കുന്ന തിരക്കിലായിരുന്നു. അവര്‍ അയാളെ ശ്രദ്ധിച്ചോ എന്തോ. അപ്പോള്‍ അവിടെ വീശിയടിച്ച കാറ്റ് ആ കുമിള വില്പനക്കാരനെ ഒന്ന് തോട്ട് തലോടിപ്പോവുക മാത്രം ചെയ്തു. ഒരു നിമിഷം. അതിനു ശേഷം അയാള്‍ തന്‍റെ പതിവു വ്യാപാരത്തില്‍ എര്‍പെട്ടു. ഞാനാകട്ടെ ആ പെണ്‍കുട്ടികളേയും നോക്കിയിരിപ്പായി..