അങ്ങനെ ഒരു നാള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ അവനെയും കൊന്നു കൊലവിളിച്ചു. കഴുത്തിലും നെഞ്ചിലുമായി പതിനാലു വെട്ടുകള്‍. സ്വന്തം പാര്‍ട്ടിക്കാര്‍ അവന്‍റെ ശവം പാര്‍ട്ടി പതാകയില്‍ പൊതിഞ്ഞു വീട്ടിലെത്തിച്ചു. എങ്ങും പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു. എതിര്‍പാര്‍ട്ടിക്കെതിരെ കൊലവിളിയും.
മിഴിനീര്‍ വറ്റിയ കണ്ണുകളുമായി അവള്‍ വിദൂരത്തേക്കു നോക്കിയിരുന്നു.
പാര്‍ട്ടി നേതാവ് അവളുടെ അടുത്ത് വന്നു ആശ്വാസ വാക്കുകള്‍ പറയുന്നു – “ഓന്‍ ആണൊരുത്തനായിരുന്നു. ഇനി നിങ്ങള്‍ക്കുംകുടുംബത്തിനും പാര്‍ട്ടിയുണ്ട്.”
അവന്‍റെ പേരില്‍ ഇനി നാല്‍ക്കവലയില്‍ രക്തസാക്ഷി മണ്ഡപം ഒരുങ്ങും. വരും ദിനങ്ങളില്‍ അവന്‍റെ പേര് പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയരും; അണികളെ ആവേശം പിടിപ്പിക്കുന്നതിനായി. പിന്നെ പിന്നെ അവനും വിസ്മരിക്കപ്പെടും.
ആരവങ്ങള്‍ ഒഴിഞ്ഞപ്പോള്‍ അവളുടെ ജ്യേഷ്ഠന്‍ അവളുടെ അടുത്തെത്തി. മെല്ലെ തലയുയര്‍ത്തി സ്വന്തം കുഞ്ഞിനെ മാറോടു ചേര്‍ത്ത് അവള്‍ ഇങ്ങനെ പറഞ്ഞു: “ഓന്‍ പ്രസ്ഥാനത്തിനു വേണ്ടി എന്ന പേരില്‍ കൊടിപിടിച്ചു നടന്നപ്പോള്‍ എന്നെയും ഈ കുഞ്ഞോമനയെയും മറന്നുവല്ലോ.”

Advertisements