മറ്റൊരു ബീച്ച് സന്ദര്‍ശന വേള. സ്ഥിരം ചിന്തകള്‍. പ്രായം ശ്ശി ആയിട്ടും വേളി ഒന്നും തരപ്പെട്ടിട്ടില്ല. ഏതാണ്ട് അഞ്ചരയോടെ ഞാന്‍ ശംഖുമുഖം ബീച്ചിലെത്തി. വണ്ടി പാര്‍ക്ക് ചെയ്തു ഞാന്‍ നടന്നു തുടങ്ങി. അതാ അവിടെ ഒരു ആരവം. ആരോ മൈക്ക് സെറ്റ് വെച്ചു പ്രസംഗിക്കുന്നു. ആദ്യം വിചാരിച്ചത് ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയാണെന്നാണ്. അടുത്ത് ചെന്നു നോക്കിയപ്പോള്‍ മധ്യ വയസ്കരുടെ ഒരു ചെറിയ സുവിശേഷ പ്രചാരക സംഘം. യേശുവിന്‍റെ ത്യാഗമാണ് വിഷയം.

കൂട്ടത്തില്‍ ഒരാളുടെ പ്രസംഗം കത്തിക്കയറുകയാണ്. വാക്കുകള്‍ ഏതാണ്ട് ഇങ്ങനെ അല്ലെയോ മനുഷ്യാ നീ പാപം ചെയ്യാതിരിക്കുക. പാപത്തിന്റെ ശമ്പളം നരകതുല്യമായ മരണമാണ്. മനുഷ്യന്‍ മദ്യത്തിന്റെ മയക്കുമരുന്നിന്റെ മദിരാക്ഷിയുടെ പിന്നാലെ പോകുന്നു. അവന്‍ അറിയുന്നില്ല അവന്‍ ചെയ്യുന്നത് പാപകര്‍മങ്ങള്‍ ആണെന്ന്. ഈ പാപകര്‍മങ്ങളുടെ തിക്തഫലത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുവാനത്രേ യേശുനാഥന്‍ അവതരിച്ചത്. അവന്‍ കുരിശു മരണം വരിച്ചത്‌ നിന്റെ പാപങ്ങള്‍ക്ക്‌ വേണ്ടിയാണ്. ആയതിനാല്‍ നീ യേശുവില്‍ വിശ്വസിച്ചു നിന്റെ പാപങ്ങള്‍ അവനോടു ഏറ്റു പറയുക. അവന്‍ നിന്നെ പാപങ്ങളില്‍ നിന്ന് മുക്തനാക്കി നിനക്ക് സ്വര്‍ഗരാജ്യം നല്‍കും.

ഒരാള്‍ ഇങ്ങനെ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അടുത്ത് നിന്നൊരാള്‍ വല്ലാത്ത ഒരു പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നു. കൈയില്‍ ജപമാലയും. ആരോടോ എന്തോ കേണു അപേക്ഷിക്കുന്ന ഭാവം. ഒരു മാതിരി കരച്ചിലും ആ മുഖത്ത് കണ്ടു. ഇതെന്താണപ്പാ ഇങ്ങനെ?

നമ്മളും പ്രാര്‍ഥിച്ചിട്ടുണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഹോം വര്‍ക്ക്‌ ചെയ്യാത്ത ദിവസം ടീച്ചര്‍ വരരുതേയെന്ന്. പരീക്ഷയ്ക്ക് പഠിച്ച ചോദ്യങ്ങള്‍ വരണമെന്ന്. കളിക്കുമ്പോള്‍ എതിര്‍ ടീമിലെ നല്ല ബാറ്റ്സ്മാന്‍ ഔട്ടാകണമെന്നു. പിന്നെ ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കണമെന്ന്. പ്രാര്‍ത്ഥന ഫലിക്കാതെ വന്നിട്ടുണ്ട്. പക്ഷെ അപ്പോള്‍ നുമ്മ ദൈവത്തെ രണ്ടു തെറി പറഞ്ഞു അടുത്ത പ്രാര്‍ഥനയ്ക്ക് തയ്യാറെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതിപ്പോ പാപം , മരണം നരകം, എന്തൊക്കെ സംഭവങ്ങള്‍ ആണാവോ.

ചിന്തകള്‍ കട്ടയ്ക്ക് വരുന്നു. സത്യത്തില്‍ ഈ യേശുക്രിസ്തു ജീവിച്ചിരുന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അദ്ദേഹം മരണത്തില്‍ നിന്ന് ഉയിര്‍ത്തു എഴുന്നേറ്റിട്ടുണ്ടോ? പക്ഷെ അതല്ല ഇവിടെ വിഷയം. സംഭവം കുരിശു മരണമാണ്. മറ്റുള്ളവരുടെ പാപങ്ങള്‍ക്ക്‌ വേണ്ടി. എക്കൊര്‍ഡിംഗ് റ്റു ദീസ് പീപ്പിള്‍ ഈ കുരിശു മരണത്തോടെ എല്ലാവരുടെയും പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു. പാപങ്ങളുടെ ഡീറ്റെയില്സ് ടിയാനോട് ഏറ്റു പറഞ്ഞാല്‍ മതി. എപ്പടി?

ഹ ഹ ഹ അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാ മതി. എങ്ങനെ? മ്മള് ബ്രോ ആണ്. ഓല് എന്താ പറയണേ? ഒരാളുടെ പാപം, എന്ത് തേങ്ങയായാലും മറ്റൊരാളുടെ പണിഷ്മെന്റ് കൊണ്ട് കോമ്പ്ലിമെന്റ്സ് ആവും ത്രെ. ഇവിടെ ആരെയും പണിഷ് ചെയ്യണ്ടാ. എല്ലാവരും ഹാപ്പിയായി കലിപ്പില്ലാതെ ജീവിക്കട്ടെ. ആസ് എ മാന്‍ ഓഫ് മെറ്റില്‍, മിസ്റ്റര്‍ യേശുവിന്‍റെ പണിഷ്മെന്റിനെ നമ്മള്‍ അപലപിക്കുന്നു. മാത്രമല്ല പണിഷ്മെന്റ് വിധിച്ച എസ്റ്റാബ്ലിഷ്മെന്റിനെ നമ്മള്‍ ഗോ ബാക്ക് വിളിക്കുന്നു. ഈ സുവിശേഷ പ്രചാരകന്മാരെ സൌരയൂഥത്തിനു പുറത്തേക്കു നാട് കടത്തണം

എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അതാ ഒരു സുന്ദരി അവരുടെ അടുത്തേക്ക് നടന്നു വരുന്നു. ഒരു സ്വീറ്റ് ട്വേന്റി ത്രീ. വെള്ള ചുരിദാര്‍. അവളും അവരുടെ കൂടെ കൂടുകയാണ്. അവള്‍ അവരുടെ അടുത്ത് നിന്നും സുവിശേഷ പുസ്തകങ്ങള്‍ വാങ്ങി ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് കൊടുക്കുകയാണ്. മുഖത്ത് ഒരു പാല്‍ പുഞ്ചിരി ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ഇത്ര ചെറു പ്രായത്തില്‍ ഇവള്‍ എങ്ങനെ ഇവരുടെ കൂടെ?? പ്രത്യയ ശാസ്ത്രങ്ങള്‍ അവിടെ ഇരിക്കട്ടെ. നമുക്ക് തത്കാലം ഈ മാലാഖയില്‍ ഫോക്കസ് ചെയ്യാം. ഒത്ത പൊക്കം. ഒത്ത നിറം. കഴുത്തില്‍ താലിയും കാണുന്നില്ല. കര്‍ത്താവേ പെന്തെകോസ്തു ആവരുതെ. മറ്റൊന്നും ഇനി ചിന്തിക്കാനില്ല.

ഞാന്‍ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു ചെന്നു. “ഫ്രാഗ്രന്റ്റ് ലേഡി, എനിക്കും ഒരു പുസ്തകം …… ”

Advertisements