സോപ്പുകുമിള ജീവിതം

———————

അന്നു വൈകുന്നേരം ഞാന്‍ പതിവിലും നേരത്തെ ശംഖുമുഖം ബീച്ചിലേക്ക് പോയി. ഏകദേശം അഞ്ചു മണിയോടെ ബീച്ചിലെത്തി. അവിടെ പതിവു കാഴ്ച്ചകള്‍ എന്നെ കാത്തിരിപ്പുണ്ടായിരുന്നു –  പട്ടം വില്പ്പനകാരന്‍, ഐസ്ക്രീം കച്ചവടക്കാര്‍, സഞ്ചരിക്കുന്ന ഗായകന്‍, പിന്നെ സോപ്പുകുമിളക്കാരന്‍. അല്പം വെയില്‍ ഉണ്ടായിരുന്നു. എന്നിട്ടും എനിക്കും മുമ്പേ കുറെ പേര്‍ അവിടെ എത്തിയിരിക്കുന്നു.

എന്‍റെ ശ്രദ്ധ സോപ്പുകുമിളക്കാരനിലേക്കായി. അയാള്‍ക്ക്‌ ഏതാണ്ട് പതിനെട്ടു വയസ്സ് പ്രായം തോന്നും. അയാളുടെ കൈയില്‍ ഒരു കുഴലുണ്ട്. അതിന്റെ അറ്റത്തില്‍ വളഞ്ഞ ഒരു വയറും. കുഴലിനുള്ളില്‍ സോപ്പുവെള്ളമാണ്. ആ വയര്‍ കുഴലില്‍ മുക്കി എടുത്തു കാറ്റത്ത്‌ വീശുമ്പോള്‍ കുമിളകള്‍ അങ്ങനെ വരവായി. കുമിളകള്‍ കാണാന്‍ നല്ല ഭംഗിയാണ്. അയാളുടെ അടുത്ത് കുട്ടികള്‍ എത്തുമ്പോള്‍ അയാള്‍ അവരുടെ നേര്‍ക്ക്‌ കുമിളകള്‍ പറത്തി വിടും. അത് കണ്ടു കുട്ടികള്‍ സോപ്പുകുമിളക്കുഴല്‍ വാങ്ങാന്‍ നിര്‍ബന്ധം പിടിക്കും. അതാണ്‌ അയാളുടെ ബിസിനസ്‌ ട്രിക്ക്.

മൊത്തം അയാളുടെ കൈയില്‍ നാല്പതു കുഴലുകള്‍ കാണും. കൂടെ പത്തു ഗിറ്റാറും. ഇരുട്ടായാല്‍ പിന്നെ കുമിളകള്‍ക്ക് ഡിമാണ്ട് ഇല്ല. അപ്പോഴും വല്ലതും വില്‍ക്കെണ്ടേ?

ഒരു അഞ്ചേമുക്കാല്‍ ആയപ്പോള്‍ അവിടേക്ക് ഒരു കൂട്ടം പെണ്‍ കുട്ടികള്‍ എത്തി. ഏതാണ്ട് ബി ടെക് പ്രായം. അവര്‍ അഞ്ചു പേരുണ്ടായിരുന്നു. ഇത് പതിവിലും അല്പം വേറിട്ട ഒരു കാഴ്ചയായിരുന്നു. സാധാരണ ഫാമിലി ആയിട്ടാണ് ആള്‍ക്കാര്‍ വരിക. അല്ലെങ്കില്‍‍ പയ്യന്മാര്‍ ആയിരിക്കും വരിക. പെണ്‍കുട്ടികള്‍ ഇങ്ങനെ കൂട്ടത്തോടെ വരുന്നത് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. എന്‍റെ ശ്രദ്ധ അവരിലേക്കായി. അവരില്‍ രണ്ടും പേര്‍ പാന്റും ടോപ്പുമാണ് ഇട്ടിരിക്കുന്നത്. ബാക്കിയുള്ളവര്‍ ചുരിദാറും. ഒരാള്‍ പാന്‍റ്സ് അല്പം കേറ്റിയിട്ടിട്ടുണ്ട്. അവളുടെ ഭംഗിയുള്ള പാദസരം നന്നായി കാണുന്നു.

പെട്ടെന്ന് അവരുടെ നേര്‍ക്ക്‌ കുറെ കുമിളകള്‍ കാറ്റില്‍ വന്നെത്തി. പതിവിലുമധികം കുമിളകള്‍. ഞാന്‍ സോപ്പുകുമിളക്കാരനെ നോക്കി. അയാള്‍ ഒരു ചെറു പുഞ്ചിരിയോടെ ആ പെണ്‍കുട്ടികളെ നോക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ആകട്ടെ കുമിളകള്‍ പൊട്ടിക്കുന്ന തിരക്കിലായിരുന്നു. അവര്‍ അയാളെ ശ്രദ്ധിച്ചോ എന്തോ. അപ്പോള്‍ അവിടെ വീശിയടിച്ച കാറ്റ് ആ കുമിള വില്പനക്കാരനെ ഒന്ന് തോട്ട് തലോടിപ്പോവുക മാത്രം ചെയ്തു. ഒരു നിമിഷം. അതിനു ശേഷം അയാള്‍ തന്‍റെ പതിവു വ്യാപാരത്തില്‍ എര്‍പെട്ടു. ഞാനാകട്ടെ ആ പെണ്‍കുട്ടികളേയും നോക്കിയിരിപ്പായി..

Advertisements